സാധാരണ ഉച്ച വരെ ഉറങ്ങാറുള്ളതാ, പക്ഷേ എന്നെന്തോ 8 മണിയായപ്പോഴേയ്ക്കും എണീറ്റു. ദന്ത ശുചീകരണം നടത്തുന്നതിനിടയില്‍ ഇന്നത്തെ കലാപരിപാടികളെക്കുറിച്ചാലോചിച്ചു. ഒന്നും തന്നയില്ല്ല, ബോറിംഗ് ശനിയാഴ്ച്ച...
കുറെ നേരം ടി വി യുടെ മുന്നിലിരുന്നു, ഒരു കോപ്പുമില്യ കാണാന്‍, എന്നാലും! അപ്പോ ദാ നമ്മടെ സഹമുറിയന് എണീറ്റു വരുന്നു. ഇന്നത്തെ കാര്യം തീര്‍ന്നു, ക്രിക്കറ്റ് എന്നൊരു കളിയില്ലായിരുന്നുവെങ്കില് ല്ലിവനൊക്കെ എന്തു ചെയ്തേനെ എന്തൊ! ദക്ഷിണ ആഫ്രിക്ക ആസ്ട്രേലിയയെ തോപ്പിക്കുന്ന കാണാനാണത്രെ! അപ്പോ ടി വി പോയി. ചുമ്മാ മെയിലൊക്കെ നോക്കാന്നു വച്ചു, ഭാഗ്യം നെറ്റ് പണി മുടക്കിയിരിക്കണൂ.
ശരി! എന്നാ ഇനി കൈരളിയില്‍ (സൈബരാബാദ് മല്ലൂസിന്റെ ഏക ആശ്രയം! സംഗതി തട്ടുകട സെറ്റപ്പാണെങ്കിലും വേറെ വഴിയില്ല) പോയി ഇച്ചിരി കുത്തരി ചോറുണ്ടേക്കാം. അങ്ങിനെ കുളിച്ച് (നോട്ട് ദ പോയിന്റ്) സുന്ദരനായി (പിന്നേം നോട്ട് ദ പോയിന്റ്) ഇറങ്ങി.
റോഡില്‍ കാര്യായിട്ട് ട്രാഫിക്ക് ഇല്ല, ശനിയാഴ്ച മാത്രേ ഹൈദരാബാദില്‍ ഇത്രേം സൌകര്യപ്രദമായി വണ്ടി ഓടീക്കാന്‍ പറ്റൂ. ഇത്രേം അലമ്പ് ട്രാഫിക്കുള്ള സ്ഥലം, ചിലപ്പോ തോന്നും ഇവിടെ റെഡ് ലൈറ്റാണ് ഗ്രീന്‍ സിഗ്നലിനുപയോഗിക്കുന്നതെന്ന്!
കൈരളിയിലെത്തി ഊണു കഴിച്ചു, കുറ്റം പറയരുതല്ലോ! നല്ല്ല വെള്ളം പോലത്തെ സാമ്പാറും നന്നായി വേവാത്ത അയിലയും... മിക്കവാറും ഇങ്ങനെയൊക്കെത്തന്നെയാണെങ്കിലും വാരാന്ത്യങ്ങളില്‍ ഇവിടെ തന്നെ എത്തും, ആ ചോറിനു വേണ്ടി..
ബുക്ക് സ്റ്റാന്‍ഡില്‍ പുതിയ നാനയിരിക്കുന്നു, എന്നാ പോരട്ടെയൊരെണ്ണം! അവിടെ നിന്നിറങ്ങി തിരികെ ബൈക്കിയില്‍ കയറിയിട്ടാലോചിച്ചു! ഇനി?
അടുത്ത ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടു പോയാല്‍ നമ്മടെ ആപ്പീസായി. പണിയാണെങ്കില്‍ ധാരാളം കിടപ്പുണ്ടുതാനും, എന്നാ അവിടെയൊന്നു കേറിയിട്ടു പോകാം! ഓ കെ! ചലോ ആപ്പീസ്!
സിഗ്നലില്‍ നിന്ന് ഇടത്തോട്ടെടുത്തു! ആഹാ! കൊള്ളം ദേ റോഡിന്റെ നടുക്ക് സൈബരാബാദ് പോലീസ്! ഒതുക്കെടാ വേഗം എന്നും പറഞ്ഞോണ്ട്.. (ഈ തെലുങ്കിന്റെ ഒരു കാര്യം! എന്തൊരു പെട്ടെന്നാ എനിക്കു മനസിലായേ!)
ദൈവമേ സാധാരണയായി വണ്ടി എടുക്കാത്തതിനാല്‍ പോക്കറ്റില്‍ ലൈസന്‍സ് ഇല്ല, 500 പോയി! മനസ്സില്‍ ഉറപ്പിച്ചു. വണ്ടി സൈഡൊതുക്കി ഹെല്മറ്റൂരീയപ്പോഴേയ്ക്കും ഒരു കാണ്സ്റ്റബില് അടുത്തു വന്നു. സാര്‍, ലൈസന്‍സ്.. ഞാന്‍ വാ തുറന്നു വന്നപ്പോഴേയ്ക്കും പുള്ളി ചോദിച്ചു, എന്‍ ഓ സി ഹെ ക്യാ! എന്‍ ഓസിയോ? എന്തിന്? ഞാന്‍ ഞെട്ടി! ബൈക്കീന്നിറങ്ങി പതുക്കെ നമ്പര്‍ പ്ലേറ്റില്‍ നോക്കി, ദൈവമേ ഈ സാധനം എപിയല്ല, യുപിയാണ്.
ഉടനേ വണ്ടിമുതലാളിയെ വിളിച്ചു, ഡാ ഈ സാധനം എപി അല്ലാരുന്നു അല്ലേ? നീയൊക്കെ എന്നാ നോക്കിയിട്ടാഡാ വണ്ടി എടുത്തോണ്ടു പോണേ? ലവന്റെ മറുപടി! ഇതു ഞാന്‍ നോയിഡയീല് വച്ചെടുത്ത വണ്ടിയാ! ആ പിന്നേ, എന്‍ ഓ സിയൊന്നും ഇല്ല, നീ കാശു കൊടുത്തൂരാന് നോക്ക്. അവന് വച്ചു.
ദൈവെമേ, നോ ലൈസന്‍സ്, നോ എന്‍ ഓ സി. ഇനി ആര് സി ബുക്കും പൊല്യൂഷനും! സീറ്റു പൊക്കി നോക്കിയപ്പോള്‍ ഒരു കാര്യം മനസിലായി ഒരു സാധനോമില്ല. നാട്ടിലാണേല് ബൈക്ക് ഉപേക്ഷിച്ചു പോകുന്നതാരിക്കും ലാഭകരം, ഇവിടെ ഇനീ എങ്ങനാണാവോ!
കൂടെ പണിയെടുക്കണ ഹൈദരാബാദുകാരനെ വിളിച്ചു കാര്യം പറഞ്ഞു, ഡെയ് ദിങ്ങനാണ് കാര്യങ്ങള്‍! എന്തു ചെയ്യണം? അവനും പറഞ്ഞു, കാശു കൊടുത്താ മതി, പ്രശ്നമില്ല. എന്റെ പോക്കറ്റിലാകെ 400 രൂപയേ ഉള്ളൂ ഞാനവനോടു പറഞ്ഞു. അയ്യോ അത്രേമൊന്നും വേണ്ട ഒരു 30 രൂപ കൊടുത്താ മതി.
എത്ര?? 30 ഓ?
അതാ ഇവിടുത്തെ സാധാരണ റേറ്റ്, നോക്ക്! അവനും വച്ചു. അയ്യേ 30 രൂപ കൊടുക്കാന്നു വച്ചാ... എന്തായാലും 50 കൊടുത്തു നോക്കാം, ആ കോണ്‍സ്റ്റബിളിനെ അടുത്തു വിളിച്ചേച്ച് നോട്ട് പതുക്കെ ചുരുട്ടി കയ്യിലേക്കു വച്ചു, സാര്‍, കുറച്ചു തിരക്കുണ്ട്, പൊക്കോട്ടേ?
തേര്‍ഡ് അമ്പയറുടെ സിഗ്നലും കാത്തു നിക്കണ ബാറ്റ്സ്മാനേപ്പോലെ ഞാന്‍ പുള്ളീനെ ദയനീയമായി നോക്കി. നാട്ടിലേപ്പോലേ കാശു കുറഞ്ഞതിനും കൂടി വേറെ ഫൈന്‍ കൂടി വരുമോ ആവോ!
എന്നാ ഓര്‍ത്തു നിക്കുവാടേയ്, എടുത്തിട്ട് വെക്കം പോടേയ് എന്ന് പുള്ളിക്കാരന്! ഹൊ! ദിപ്പളാ ശ്വാസം നേരേ വീണത്!
അങ്ങിനെ ഹൈദരബാദീ വന്നിട്ട് ഒരു കാര്യത്തിനെങ്കിലും ചെലവു കുറവുണ്ടെന്ന് മനസ്സിലായി. സൈബരാബാദ് പോലീസ് കീ.. ജയ്!